Tuesday, April 10, 2007

രാമായണം..

ഒഴിവില്ലാതെ പരന്നു കിടപ്പൂ
പേരാല്‍ പോലെയൊരുലകം
ഉറവറിയില്ല, മറുകരയില്ലാ
മാറാപ്പരലീയുലകം.
ആ പേരാലിന്‍ ചെറുതാം കൊമ്പില്‍
‍പാടീ പണ്ടൊരു കുയിലി,
നെഞ്ചില്‍ കാലം പോല്‍ തപമേകി
താങ്ങായ്‌ ചേര്‍ന്നാണൊരുവന്‍!
പകലോന്‍ മറയേയുരുവിന്‍ കനികള്‍
‍നുണയാനാഞ്ഞാകിളികള്‍
‍കൊക്കുകളുരച്ചു കിനിയും തീയില്‍
‍നിറയാനാഞ്ഞാകിളികള്‍..
മദമെന്നൊരു കാട്ടാളന്‍ വഴിയെ
ആര്‍ത്തിയിലവശം പിണയെ
തൊടുത്തുവിട്ടൊരു സൂത്രകമ്പാല്‍
‍ആണിന്‍ കരള്‌ പിളര്‍ന്നു...
സ്ഥാനം പിഴച്ചമോഹപെണ്ണിന്‍
മിഴികളിലൂര്‍ന്നവിരഹം
രക്ഷക്കൊരുകരമെങ്ങും കാണാ-
കാതരയാളിന്‍ ഹൃദയം..
കാണും കാഴ്ചയിലൊക്കെ സത്യം
തിരയും മുനിയൊന്നന്തിച്ചു!
നെഞ്ച്‌ തല്ലി കരയും പെണ്ണിന്‍
ഉള്ളം കണ്ടതിനാലെ!
വാഴ്‌വ്‌ കടങ്കഥയെന്നത്‌ നിത്യം
അറിയുന്നെങ്കിലുമാക്കോലം
പതയും സ്നേഹവിതുമ്പലിനാലെ
തീര്‍ത്തീയവനിയിലൊരു കാവ്യം...
"മാ നിഷാദ പ്രതിഷ്ഠാം
ത്വമഗമ: ശാശ്വതീ: സമാ-
യത്‌ ക്രൗഞ്ചമിഥുനാദേക
മവധീ: കാമമോഹിതം"

2 comments:

മഴവില്ലും മയില്‍‌പീലിയും said...

എന്തു പറ്റി ഈ നല്ലകവിതകള്‍ ആരും കാണാതെ പോയി...

ഗുപ്തന്‍ said...

വാഴ്‌വ്‌ കടങ്കഥയെന്നത്‌ നിത്യം
അറിയുന്നെങ്കിലുമാക്കോലം
പതയും സ്നേഹവിതുമ്പലിനാലെ
തീര്‍ത്തീയവനിയിലൊരു കാവ്യം...

:)