Wednesday, April 18, 2007

വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു നേരം വെറുതെ മാനം നോക്കി കിടന്നപ്പോള്‍ തോന്നി.."ഇതെന്ത്‌ ജീവിതം? ഒരു നീര്‍പോള പോലെ, ക്ഷണനേരം കൊണ്ട്‌ പൊട്ടി പോകുന്ന ഒന്ന്!. കാല്‌ തട്ടിവീഴുന്നത്‌ പോലെ വാക്കുകള്‍ തള്ളി തള്ളി വന്നു..അന്ന് എഴുതിപോയതാണ്‌ `ജീവിതം` എന്ന ആദ്യകവിത..പിന്നീടെപ്പഴൊക്കെയോ...വെറുതെയിരിക്കുമ്പോള്‍, വേദനിക്കുമ്പോള്‍, സ്വത്വം തേടി അലയുമ്പോള്‍, ആ കൗതുകം നിറഞ്ഞ കണ്ണുകള്‍ക്കായ്‌ കാത്തുനില്‍ക്കുമ്പോള്‍...അങ്ങനെ അങ്ങനെ.. പലപ്പോഴും വാക്കുകള്‍ പല രൂപത്തില്‍, ഭാവത്തില്‍ മുന്നില്‍ വന്നു നിറഞ്ഞു. ആരുമറിയാതെ പോകുന്ന ഈ ഏകാന്തയാത്രയില്‍ എനിക്ക്‌ സ്വന്തം എന്നു പറയാവുന്ന, എന്റെ കൂട്ടുകാരാണവ. അവരെ ഞാന്‍ നിങ്ങള്‍ക്ക്‌ കൂടി പരിചയപ്പെടുത്തുന്നു...

Tuesday, April 17, 2007

ഒരു കൊച്ചു നൊമ്പരം...

യാത്രപറഞ്ഞകന്നതില്‍ പിന്നിന്നലെ,
കണ്ടു ഞാന്‍ നിന്‍ മുഖബിംബം!
പഴയൊരാകളികൂട്ടുകാരി തന്‍ ചിത്രം
ഒഴുകിയെന്‍ ഓര്‍മ്മയില്‍ മന്ദം !
മനസ്സിനുള്ളില്‍ പൊടിചെറുക്കന്‍ പറഞ്ഞുപോയ്‌,
അഴകേ, നിനക്കെന്തു ചന്തം!

ഓടിട്ടപഴയൊരെന്‍ വീടിന്റെ മുറ്റത്തൂ-
ടോടി കളിക്കുന്നു നീയും,ഞാനും..
ഓട്ടുരുളിയിലമ്മ കുറുക്കിയ പായസം
ഒളിച്ചുവന്നെടുത്തത്‌ നിനക്ക്‌ നല്‍കാന്‍
മച്ചിന്റെ മുകളിലന്നാരും കാണാതൊ-
രച്ഛനുമമ്മയുമായ്‌ പുണര്‍ന്നു..
ഇന്നുമെന്‍ സ്മൃതിയിലാപൊന്നോണസദ്യയും,
ചുണ്ടിന്‍ മധുരവും മാത്രം!

സിന്ദൂരമോഹത്തിന്‍ കുയിലുകളായ്‌ സ്വയം
കുമ്മി പാടും തിരുവാതിരയി
ല്‍പാതിരാപ്പൂചൂടിജാലകവാതിലില്‍,
മറ്റൊരു തിങ്കളായ്‌ നീയുദിക്കെ
മലയജസുഗന്ധിനിന്‍ കളങ്കം ചേര്‍ന്നൊരു
നടരാജനായന്നു മാറീ ഞാന്‍!
കണ്ണൊഴുകുമിന്നും നര്‍ത്തനം തുടരുന്നു
ഹൃദയമാദ്രുതതാളത്തില്‍!

Wednesday, April 11, 2007

പ്രണയഭേദം

അന്നു…
മിഴിയിതള്‍ നീര്‍വഴിച്ചാവരസന്ധ്യയില്‍,
മാറില്‍ ചാഞ്ഞൊരു താമരത്താരിന്‍,
എന്റെയീ ജന്മം നിനക്കെന്ന മന്ത്രണം,
അലയിട്ടൊരാഘോഷമെന്റെ പ്രണയം!

ഇന്നു…
നഗരവേഗങ്ങള്‍ കടം കൊണ്ട രാത്രിയില്‍,
നാണയങ്ങള്‍ പൂക്കുമേസി തണുപ്പില്‍,
കിതക്കുന്ന പ്രാണന്‍ വലിച്ചെറിയും ജന്മ-
നിഷേധനിശ്വാസമാണു പ്രണയം !!!

സ്വപ്നവും, സത്യവും..

പറയാതിരുന്ന വാക്കുകളെല്ലാം
പാതിരാപ്പൂക്കളായ്‌ വിടര്‍ന്നു
ആതിരരാവിലാരോരുമറിയാതെ,
നിന്നെ കണ്‍പാര്‍ത്ത്‌ നിന്നു..
പാതിമെയ്മാത്രം മൂടുമാചേലതന്‍
തുമ്പുലച്ചാറ്റിലിറങ്ങീടവെ,
നിലാവിന്‍ ചോലകടവത്ത്‌ നിന്റെ
നീരാട്ടിനമൃതം നുകര്‍ന്നു
നിന്‍ കരലാളനമേല്‍ക്കാന്‍ കൊതിച്ചാ-
പുഴയില്‍താനേയുതിര്‍ന്ന്‌,
കളിചിരിക്കുമ്മിയിലാളിമാര്‍ക്കൊപ്പം,
നിന്തളിര്‍മേനിയില്‍ തൊട്ടു.
കുഞ്ഞോളങ്ങളിലിളകുമിരുതാമര-
മുകുളങ്ങളെ പുണര്‍ന്നരികെ
ആവണിതിങ്കള്‍തോല്‍ക്കുമണിവയറിന്‍
‍ചെമ്പാവ്‌ പാടം നിറഞ്ഞു.
നനഞ്ഞൂര്‍ന്നിറങ്ങിയാപ്രാണന്‍ കിതയ്ക്കും
ചുഴിനുഴഞ്ഞിഴുകി പടര്‍ന്ന്
പദതാരിണകള്‍ കുറിക്കും ജതികളില്‍
ജന്മസാഫല്യലയമാര്‍ന്നു...

ഞാന്‍ ഞെട്ടിയുണര്‍ന്നു..
കാലില്‍ വിങ്ങുന്ന ചങ്ങല..
കണ്ണില്‍ കമ്പിയഴികളുടെ നിഴല്‍!!!

Tuesday, April 10, 2007

രാമായണം..

ഒഴിവില്ലാതെ പരന്നു കിടപ്പൂ
പേരാല്‍ പോലെയൊരുലകം
ഉറവറിയില്ല, മറുകരയില്ലാ
മാറാപ്പരലീയുലകം.
ആ പേരാലിന്‍ ചെറുതാം കൊമ്പില്‍
‍പാടീ പണ്ടൊരു കുയിലി,
നെഞ്ചില്‍ കാലം പോല്‍ തപമേകി
താങ്ങായ്‌ ചേര്‍ന്നാണൊരുവന്‍!
പകലോന്‍ മറയേയുരുവിന്‍ കനികള്‍
‍നുണയാനാഞ്ഞാകിളികള്‍
‍കൊക്കുകളുരച്ചു കിനിയും തീയില്‍
‍നിറയാനാഞ്ഞാകിളികള്‍..
മദമെന്നൊരു കാട്ടാളന്‍ വഴിയെ
ആര്‍ത്തിയിലവശം പിണയെ
തൊടുത്തുവിട്ടൊരു സൂത്രകമ്പാല്‍
‍ആണിന്‍ കരള്‌ പിളര്‍ന്നു...
സ്ഥാനം പിഴച്ചമോഹപെണ്ണിന്‍
മിഴികളിലൂര്‍ന്നവിരഹം
രക്ഷക്കൊരുകരമെങ്ങും കാണാ-
കാതരയാളിന്‍ ഹൃദയം..
കാണും കാഴ്ചയിലൊക്കെ സത്യം
തിരയും മുനിയൊന്നന്തിച്ചു!
നെഞ്ച്‌ തല്ലി കരയും പെണ്ണിന്‍
ഉള്ളം കണ്ടതിനാലെ!
വാഴ്‌വ്‌ കടങ്കഥയെന്നത്‌ നിത്യം
അറിയുന്നെങ്കിലുമാക്കോലം
പതയും സ്നേഹവിതുമ്പലിനാലെ
തീര്‍ത്തീയവനിയിലൊരു കാവ്യം...
"മാ നിഷാദ പ്രതിഷ്ഠാം
ത്വമഗമ: ശാശ്വതീ: സമാ-
യത്‌ ക്രൗഞ്ചമിഥുനാദേക
മവധീ: കാമമോഹിതം"